ചാണകം വാങ്ങി വളമാക്കുമെന്ന് കോൺഗ്രസ്; പ്രശംസിച്ച് ആർ.എസ്.എസ്, പരിഹസിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: ചത്തീസ്ഗഡിൽ കർഷകരിൽനിന്ന് ചാണകം വാങ്ങി ജൈവ വളമാക്കുമെന്ന കോൺഗ്രസ് സർക്കാറിൻെറ പ്രഖ്യാപനത്തിന് ആർ.എസ്.എസിൻെറ പ്രശംസ. അതേസമയം, തീരുമാനത്തെ പരിഹസിച്ച് സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കൾ രംഗത്തെത്തി.
കിലോക്ക് 1.50 രൂപ നിരക്കിൽ കർഷകരിൽ നിന്ന് ചാണകം വാങ്ങുമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞത്. ഇതിൽനിന്ന് ജൈവ വളം ഉണ്ടാക്കി കർഷകർക്ക് തിരികെ വിൽക്കാനാണ് സർക്കാർ പദ്ധതി. ഗോദാൻ ന്യയ് യോജന പ്രകാരം ജൂലൈ 21ന് ചാണകസംഭരണം ആരംഭിക്കും.
വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് പകരം ചാണകം വാരാൻ നിർബന്ധിക്കുകയാണ് സർക്കാെരന്നാണ് ഇേതക്കുറിച്ച് ബിജെപിയുടെ പ്രതികരണം. മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ അജയ് ചന്ദ്രകർ പദ്ധതിയെ പരിഹസിച്ച് ട്വിറ്ററിൽ പാരഡി ഗാനവും അപ്‌ലോഡ് ചെയ്തിരുന്നു. ഇതിനിടെയാണ് സർക്കാർ പ്രഖ്യാപനത്തെ മുക്തകണ്ഠം പ്രശംസിച്ച് ആർ.എസ്.എസ് രംഗത്തത്തിയത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ആർ.എസ്.എസ് നേതാക്കൾ അഭിനന്ദന കത്ത് നൽകി. ‘‘തങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യം നിറവേറ്റിയതിന് ജനപ്രിയ മുഖ്യമന്ത്രിയായ ബാഗേലിന് നന്ദി അറിയിക്കുന്നതായി’’ ആർ.എസ്.എസ് നേതാവ് ബിശ്ര റാം യാദവ് ഒപ്പിട്ട കത്തിൽ പറയുന്നു. ചാണകത്തിനൊപ്പം ഗോമൂത്രവും വാങ്ങണമെന്നും ഇവർ ആവശ്യപ്പെട്ടു.
‘‘ചാണകത്തിൽ നിന്നും മൂത്രത്തിൽ നിന്നും വളം നിർമ്മിക്കാൻ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. ജൈവ വളം ഉണ്ടാക്കുന്നതിന് കർഷകർക്ക് പരിശീലനവും സാമ്പത്തിക സഹായവും നൽകണം. കർഷക വീടുകളിൽ കന്നുകാലികൾക്ക് അഭയകേന്ദ്രം നിർമ്മിക്കാൻ ഗ്രാൻറ് നൽകണം. ഇക്കാര്യങ്ങൾ ഞങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്’’ -ആർ.എസ്.എസ് പ്രതിനിധി സാഹു വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങളിൽ ചിലത് സർക്കാർ അംഗീകരിച്ചതിന് നന്ദി പ്രകടിപ്പിക്കാനും മറ്റു ചില നിർദേശങ്ങൾ സമർപ്പിക്കാനുമാണ് കത്ത് നൽകിയതെന്ന് ആർ.എസ്.എസ് അംഗവും ഗൗ ഗ്രാമ സ്വാവലംഭൻ അഭിയാൻെറ തലവനുമായ സുബോദ് രതി പറഞ്ഞു.
അതിനിടെ, ആർ.എസ്.എസ് കത്ത് നൽകിയെന്ന വാദം തെറ്റാണെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിച്ചു. ‘ആർ.എസ്.എസിന് ധാരാളം ഉപസംഘടനകളുണ്ട്. ഈ പദ്ധതിക്ക് ചിലർ അവരുടെ പിന്തുണ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നൽകാം. അത് ആർ.എസ്.എസിൻെറ പിന്തുണയായി കണക്കാക്കേണ്ട’ -മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമൺ സിങ് പറഞ്ഞു.
കത്ത് ആർ.എസ്.എസിൻെറതാണെന്ന വാദം തെറ്റാണെന്ന് ആർ.എസ്.എസ് നേതാവ് പ്രഭാത് മിശ്ര പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിൻെറ ഭാഗമാണ്. കന്നുകാലികളെ ആശ്രയിച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയായാണ് സർക്കാറിൻറ പദ്ധതിയെ കത്ത് തയ്യാറാക്കിയവർ വിശേഷിപ്പിച്ചത്. ഇതിനെതിരെ രംഗത്തിറങ്ങണമോ വേണ്ടയോ എന്ന് ബി.ജെ.പി നേതാക്കൾക്ക് തീരുമാനിക്കാം. എന്നാൽ, ഞങ്ങളുടെ സംഘടനയിൽ കർഷകരും കന്നുകാലികളെ പരിപാലിക്കുന്നവരുമെല്ലാമുണ്ട്. എല്ലാവർക്കും സ്വന്തമായി കന്നുകാലികളുമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് ആർ.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.